누가복음 22장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 누가복음 (Luke) · 71절
- 1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.
- 2 അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
- 3 എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാൎയ്യോത്തായൂദയിൽ സാത്താൻ കടന്നു:
- 4 അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവൎക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
- 5 അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
- 6 അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
- 7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
- 8 അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
- 9 ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:
- 10 നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു:
- 11 ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ.
- 12 അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു.
- 13 അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
- 14 സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
- 15 അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.
- 16 അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
- 17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
- 18 ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
- 19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മെക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു.
- 20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
- 21 എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
- 22 നിൎണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
- 23 ഇതു ചെയ്വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
- 24 തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തൎക്കവും അവരുടെ ഇടയിൽ ഉണ്ടായി.
- 25 അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
- 26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
- 27 ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
- 28 നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.
- 29 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.
- 30 നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
- 31 ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
- 32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
- 33 അവൻ അവനോടു: കൎത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
- 34 അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
- 35 പിന്നെ അവൻ അവരോടു: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
- 36 അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
- 37 അവനെ അധൎമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
- 38 കൎത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: മതി എന്നു അവൻ അവരോടു പറഞ്ഞു.
- 39 പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
- 40 ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
- 41 താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
- 42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
- 43 അവനെ ശക്തിപ്പെടുത്തുവാൻ സ്വൎഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
- 44 പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
- 45 അവൻ പ്രാൎത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
- 46 നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
- 47 അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവൎക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
- 48 യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
- 49 സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കൎത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
- 50 അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
- 51 അപ്പോൾ യേശു; ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
- 52 യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
- 53 ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
- 54 അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
- 55 അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
- 56 അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
- 57 അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
- 58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
- 59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കൎഷിച്ചു പറഞ്ഞു.
- 60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
- 61 അപ്പോൾ കൎത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കൎത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓൎത്തു
- 62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
- 63 യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
- 64 പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
- 65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
- 66 നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
- 67 അവൻ അവരോടു: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
- 68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
- 69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
- 70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
- 71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗