고린도전서 16장 Sathyavedapusthakam (Malayalam Bible) published in 1910
Sathyavedapusthakam (Malayalam Bible) published in 1910 · 말라얄람어 · 고린도전서 (1 Corinthians) · 24절
- 1 വിശുദ്ധന്മാൎക്കു വേണ്ടിയുള്ള ധൎമ്മശേഖരത്തിന്റെ കാൎയ്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്വിൻ.
- 2 ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിൎച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.
- 3 ഞാൻ എത്തിയശേഷം നിങ്ങളുടെ ധൎമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.
- 4 ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവൎക്കു എന്നോടു കൂടി പോരാം.
- 5 ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.
- 6 ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാൎക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
- 7 കൎത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാൎപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.
- 8 എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാൎക്കും.
- 9 എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.
- 10 തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിൎഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കൎത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
- 11 ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.
- 12 സഹോദരനായ അപ്പൊല്ലോസിന്റെ കാൎയ്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.
- 13 ഉണൎന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
- 14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ.
- 15 സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
- 16 ഇങ്ങനെയുള്ളവൎക്കും അവരോടുകൂടെ പ്രവൎത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
- 17 സ്തെഫനാസും ഫൊൎത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.
- 18 അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.
- 19 ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കൎത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
- 20 സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്വിൻ.
- 21 പൌലൊസായ എന്റെ കയ്യാൽ വന്ദനം.
- 22 കൎത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കൎത്താവു വരുന്നു.
- 23 കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
- 24 നിങ്ങൾക്കു എല്ലാവൎക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.
- 📚 Sathyavedapusthakam (Malayalam Bible) published in 1910 책 목록
- 개역개정판 (1998)로
- 개역한글판 (1961)로
- 표준새번역 (1993)로
- King James Version로
- KJV 와 나란히
- 🌐 다른 언어·판
Sathyavedapusthakam (Malayalam Bible) published in 1910 — getbible.net(CrossWire SWORD 모듈)에서 가져옴 · 라이선스: 공개 도메인 (Public Domain) · 출처 ↗